നവദമ്പതികൾക്കൊരു ഉപഹാരം
നവദമ്പതികൾക്കൊരു ഉപഹാരം
SKU:
Couldn't load pickup availability
ചുറ്റുപാടും ഉയർന്നു കേൾക്കുന്ന അസുഖകരമായ അനേകം വാർത്തകൾ, ശിഥിലമാകുന്ന കുടുംബബന്ധങ്ങളെ കുറിച്ച് നമ്മെയെല്ലാം ഓർമ്മപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന ഹേമ കമ്മീഷൻ റിപ്പോർട്ട്, കുട്ടികൾ ഉണ്ടായിട്ടും ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയ സ്ത്രീകളെ കുറിച്ചുള്ള ഇക്കിളി വാർത്തകൾ, ഭാര്യയും കുടുംബവും ഉണ്ടായിട്ടും പ്രായഭേദമന്യേ തൻറെ മകളാകാനും സഹോദരിയാകാനും അമ്മയാകാനും പ്രായമുള്ള സ്ത്രീകളോടും എന്തിനേറെ പിഞ്ചുകുഞ്ഞുങ്ങളോടും വരെ അഭിനിവേശം തോന്നുന്ന പുരുഷന്മാർ അനേകം അനേകം പീഡന-സഹകരണ കഥകൾ, അഥവാ യാഥാർത്ഥ്യങ്ങൾ…
ഒരു പരിധിവരെ ഇതിനെല്ലാം കാരണം കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളാണ്. തികച്ചും വ്യത്യസ്തമായ രണ്ടിടങ്ങളിൽ നിന്ന് വന്ന രണ്ട്പേർ, അവർക്കിടയിൽ പുതിയൊരു കുടുംബം കെട്ടിപ്പടുക്കുമ്പോൾ മാനസികമായും ശാരീരികമായും വൈകാരികമായും ഉണ്ടാകേണ്ട അടുപ്പത്തിൽ എവിടെയെങ്കിലും തെറ്റുപറ്റുന്നേടത്താണ് മൂന്നാമതൊരാൾ കടന്നുകൂടുന്നത്. ഭാര്യയുടെയും ഭർത്താവിന്റെയും മനസ്സുകളിൽ തങ്ങളുടെ ഇണ പ്രണയപൂർവ്വം വസിക്കുന്നുവെങ്കിൽ ആ മനസ്സുകളിലേക്ക് മറ്റൊരാൾക്ക് കടക്കാനാകില്ല എന്നർത്ഥം.
എന്നിട്ടും അത്തരം ബന്ധങ്ങൾ വ്യാപകമാകുന്നു. അതൊരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ദിനവും പരസ്പരം കാണുന്ന ഇണകൾക്കിടയിൽ പറയാനും കേൾക്കാനുമുള്ള കാര്യങ്ങൾ തീർന്നുപോയതുപോലെ മൗനം കൂടുകൂട്ടുന്നു. ആ കൂട് വളർന്നുവളർന്ന് ഒരു അന്യന് അല്ലെങ്കിൽ ഒരു അന്യക്ക് പാർക്കാൻ മാത്രം വലിയ വീടാകുന്നു. ആ വീട് ഓരോരുത്തരും ഹൃദയത്തിൽ പേറുന്നു. ഇണയോടുള്ള മടുപ്പോ, ഉപയോഗിച്ച് പഴകിപ്പോയ വസ്ത്രങ്ങൾ മാറ്റി പുതിയത് ധരിക്കാനുള്ളതുപോലുള്ള ആഗ്രഹമോ എന്തോ, ചിലർ തുണിക്കടകളിലെ ഡ്രസ്സിംഗ് റൂമുകളിൽ കയറി പലപല വസ്ത്രങ്ങൾ തനിക്ക് പാകമാകുമോ എന്നണിഞ്ഞു നോക്കി ഉപേക്ഷിക്കുന്നതുപോലെയാണ് പലരും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും.
ഇവക്കെല്ലാം അടിസ്ഥാന കാരണം വൈവാഹിക ജീവിതത്തെക്കുറിച്ച് ഇണകൾക്ക് ഒരു ബോധം ഇല്ലാത്തതാണ്. ഇസ്ലാമികമായ കുടുംബജീവിതം എന്താണെന്ന് അറിയുന്ന നവദമ്പതികൾ ഇക്കാലത്ത് വളരെ കുറവാണ്. അതിനാൽ തന്നെ അക്രമങ്ങളും അനീതികളും മാറ്റിനിർത്തലുകളും പുതിയ ഇടങ്ങൾ തേടിപോകലുകളും സാധാരണമായിരിക്കുന്നു. ലഹരിയും തുറന്ന ലൈംഗികതയും സ്വാതന്ത്ര്യം എന്ന പേരിൽ പലരും പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്നു. അതോടെ ഇതെല്ലാം പുരോഗമനമായും ജീവിതത്തിൻറെ രസങ്ങളായും തെറ്റിദ്ധരിക്കപ്പെടുന്നു. സമൂഹത്തിൽനിന്ന് സാംസ്കാരിക മൂല്യങ്ങൾ മാഞ്ഞുപോകുന്നു
എന്താണ് വിവാഹം, എന്തിനാണ് വിവാഹം, ഒരു ഭാര്യക്ക് ഭർത്താവിനോടുള്ള കടമകൾ ഇന്നതാണ് എന്നെല്ലാം പൊതുവായി പലരും പറഞ്ഞു കേട്ടിട്ടുണ്ടാകും. ചെറുപ്പം മുതൽ ഓരോ പെൺകുട്ടിയോടും വീട്ടിൽനിന്നും അതെല്ലാം ഓർമ്മപ്പെടുത്തുന്നുമുണ്ടാകും. എന്നാൽ യഥാർത്ഥത്തിൽ “സ്ത്രീകൾക്ക് ഭർത്താവിനോട് മാത്രമാണോ ബാധ്യത? ഈ പറഞ്ഞു കേൾക്കപ്പെടുന്നത് തന്നെയാണോ യഥാർത്ഥ ബാധ്യതകൾ? അതോ അതിലപ്പുറം മറ്റെന്തെങ്കിലും ഉണ്ടോ? ബാധ്യതകൾ മാത്രമാണോ അതോ അവൾക്ക് അവകാശങ്ങളും ഉണ്ടോ? അവൾക്ക് ഉള്ളതുപോലെ അവന് ബാധ്യതകൾ ഇല്ലേ? ആ ബാധ്യതകൾ അവൻ നിർവഹിച്ചില്ലെങ്കിൽ അവൾക്ക് എന്ത് ചെയ്യാൻ സാധിക്കും?” തുടങ്ങി അനേകമനേകം ചോദ്യങ്ങളെ അവയ്ക്കുള്ള ഉത്തരത്തോടുകൂടി, വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ആണും പെണ്ണും അറിഞ്ഞിരിക്കുകയാണെങ്കിൽ ആ ജീവിതം എത്ര രസകരമായിരിക്കും!
തൻ്റെ മനസ്സിൽ തൻ്റെ ഇണ പൂർണമായും സ്നേഹാനുരാഗങ്ങളോടെ വസിക്കുകയാണെങ്കിൽ അവിടെ മറ്റൊരാൾക്കും ഇടം കിട്ടുകയില്ലെന്നത് ഉറപ്പാണ്. എന്നാൽ വിവാഹജീവിതം വെറും കുട്ടികളെ നോക്കാനും ക്ഷീണിക്കുമ്പോൾ വന്നുകിടന്നുറങ്ങാനും വിശക്കുമ്പോൾ ഭക്ഷണം കഴിക്കാനും ഫീസ് അടക്കേണ്ടതില്ലാത്ത ഒരു ഇടമായി മാത്രം കണക്കാക്കപ്പെടുന്നത് പലപ്പോഴും ഇണകളിൽ ഒരാൾ ഏതെങ്കിലും ഒരു അപരനുമായി മനസ്സ് പങ്കുവെക്കുന്നതിലേക്കും പിന്നീട് ഇറങ്ങിപ്പോകുന്നതിലേക്കുമാണ് എത്തിച്ചേരുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ, നവദമ്പതികൾക്ക് തികച്ചും മൂല്യവത്തായ ഒരു സമ്മാനമായി നൽകാവുന്ന കൃതിയാണ് നവദമ്പതികൾക്ക് ഒരു ഉപഹാരം. ഇസ്താംബുൾ സ്വദേശിയായ മഹ്മൂദ് മഹതി അൽ ഇസ്താംബുലി, അറബി ഭാഷയിൽ രചിച്ച ഈ ഗ്രന്ഥം മൗലവി മുഹമ്മദ് റഫീഖ് അൽ ഖാസിമി ആണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്,
“മനുഷ്യ ജീവിതത്തിലെ സംഭവബഹുലമായ ഇടനാഴിയാണ് ദാമ്പത്യം. സന്തോഷവും സന്താപവും പ്രതീക്ഷയും നിരാശയും പുഞ്ചിരിയും കണ്ണീരും ഇഴപിരിഞ്ഞ മനോഹര മുഹൂർത്തങ്ങൾ. ഒരു പുരുഷായുസ്സിലെ പകരം വെക്കാനാകാത്ത അസുലഭ നിമിഷങ്ങൾ. അവധാനതയോടെ കരുക്കൾ നീക്കിയാൽ ഒരുവന് ദാമ്പത്യം സ്വർഗഭൂമിയാക്കാൻ കഴിയും.
ഭാവിയുടെ വർണ്ണാഭമായ സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിക്കാനും പ്രതിസന്ധികളെ ലളിതമായി അതിജീവിക്കാനും അതവനെ പ്രാപ്തനാക്കും. ആസൂത്രണം നഷ്ടമായാൽ ദാമ്പത്യത്തേക്കാൾ കൈപ്പേറിയ അനുഭവം മറ്റൊന്നുണ്ടാകില്ല.
ദാമ്പത്യം അനുഭവമാണ്. അതൊരു പാഠശാലയാണ്. ജീവിതം തളിരിടുന്നതും പുഷ്കലമാകുന്നതും ആ മലർവനിയിലാണ്. ദാമ്പത്യജീവിതം മധുരിതമാക്കാൻ ദമ്പതികൾ മൗലികമായ മൂല്യങ്ങളിലേക്ക് അനുവാചക ആകർഷിക്കുന്ന കൃതി.
ഇതിലെ ഓരോ വരികളും മന്ദമാരുതനാണ്. ഹൃദയങ്ങളെ തഴുകിയുണർത്തിയേ അതിനു മുന്നോട്ട് പോകാൻ കഴിയൂ.” എന്ന് നവിദമ്പതികൾക്കൊരു ഉപഹാരം An Award to New Couples എന്ന മലയാള ഗ്രന്ഥത്തിന്റെ ബ്ലർബിൽ ഗ്രന്ഥകർത്താവ് വ്യക്തമാക്കുന്നു.
دار الكتاب العربي അറേബ്യൻ ബുക്ക് ഹൗസ് ആണ് നാനൂറ്റി നാല്പത്തിയേഴ് പേജുകളുള്ള ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പ്രസാധകർ.
രചന മഹ്മൂദ് മഹ്ദി അൽ ഇസ്തംബുലി.
വിവർത്തനം: മൗലവി മുഹമ്മദ് റഫീഖ് അൽ ഖാസിമി
Share

Collections
View all-
Malayalam Books Collection
Dive into the rich world of Malayalam literature with our handpicked collection...
-
Dars Kithab Book Collection
Explore the Dars Kithab Book Collection at Ceyoos Book World, featuring a...